എറ്റവും പുതിയ ഉത്തരവുകൾ 👉
ഡിജിറ്റൽ സർവ്വെ
ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവ്വേ ചെയ്യുന്നു. വരുന്ന നാല് വർഷത്തിനുള്ളിൽ സംസ്ഥാനമെമ്പാടും ഭൂസർവ്വെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രോണിന്റെയും മറ്റും സഹായത്തോടെ അഞ്ചുവർഷം കൊണ്ട് രാജ്യമാകെ നടപ്പാക്കുന്നതാണ് ഡിജിറ്റൽ സർവ്വേ പദ്ധതി. കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ ഡിജിറ്റൽ സർവേ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 7 ലക്ഷം വില്ലേജുകളിൽ നിലവിൽ പദ്ധതി തുടങ്ങി. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, കൊല്ലം ജില്ലയിലെ കിളിക്കൊല്ലൂർ എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഡിജിറ്റൽ ഭൂസർവ്വേ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാനത്താകെ ഡിജിറ്റൽ ഭൂസർവേ നടത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
കേന്ദ്രാവിഷ്കൃത സ്വമിത്വ (SVAMITVA) പദ്ധതിയിലുൾപ്പെടുത്തി കേരളത്തിലെ മുഴുവൻ വില്ലേജുകളും സർവ്വേ ചെയ്യുന്നതിന് സർവ്വേ ഓഫ് ഇന്ത്യ ഡയറക്ടറും സംസ്ഥാന സർവ്വേ ഡയറക്ടറും ധാരണാപത്രം ഒപ്പു വെച്ചു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 20 ശതമാനം വരുന്ന ഭൂപ്രദേശം ഡ്രോൺ ഉപയോഗിച്ചും, അവശേഷിക്കുന്ന സ്ഥലങ്ങൾ കോർസ് ആർ.ടി.കെ (CORS RTK), റോബോട്ടിക്സ് ഇ.ടി.എസ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുമാണ് സർവ്വേ നടത്തുക.
ഡിജിറ്റൽ സർവ്വേക്കായി സംസ്ഥാനത്താകെ 28 കോർസ് (കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻ) സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് തീരുമാനം. കോർസ് സ്റ്റേഷനുകളിൽ നിന്നും തുടർച്ചയായി ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്താൽ ആർ.ടി.കെ (റിയൽടൈം കിനിമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഓൺലൈൻ രീതിയിൽ സർവ്വേ ചെയ്യുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകൾ ഉപയോഗിച്ച് ഭൂമിയുടെ അതിർത്തി നിർണയിക്കുവാൻ കഴിയുന്ന 20 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും സർവ്വേ നടത്തും. പ്രസ്തുത രീതികൾ ഫലവത്താകാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവ്വേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീൻ ഉപയോഗിച്ചും മുഴുവൻ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കും.
ഡിജിറ്റൽ സർവ്വെ പ്രവർത്തനം സുഗമമാക്കുന്നതിന്, ഓരോ ഭൂവുടമസ്ഥരും അവരവരുടെ ഭൂമിയുടെ വിവരങ്ങൾ നിശ്ചിത ഫോറത്തിൽ തയ്യാറാക്കി സർവ്വേ ഉദ്യോഗസ്ഥർക്ക് നൽകണം. ആകാശ കാഴ്ച ലഭ്യമാക്കുന്നതരത്തിൽ അവരവരുടെ ഭൂമിയുടെ അതിർത്തികളിൽ വ്യക്തമായ അടയാളങ്ങൾ രേഖപ്പെടുത്തി ഡ്രോൺ സർവ്വേയ്ക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കി നൽകണം.
ഡിജിറ്റൽ ഭൂസർവ്വേ കൊണ്ടുള്ള നേട്ടങ്ങൾ
* ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും ഉറപ്പു വരുന്നു. റെലിസ് (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്ടീവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), ഇ-മാപ്സ് (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകുന്നു.
*ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തു വരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോർട്ടൽ വഴി സുതാര്യമായി ലഭ്യമാക്കും.
* ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്ഡേഷൻ എളുപ്പത്തിൽ സാധ്യമാകുന്നു.
* അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കുന്നു. ഒരു ആവശ്യത്തിനായി പല ഓഫീസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാനാവും.
* അപേക്ഷകൾ ഓൺലൈനായി കൊടുക്കുവാനും ഓൺലൈനായി പരിഹരിക്കപ്പെടാനും സാധിക്കുന്നു
* വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു.
* സർക്കാർ ഉപഭോക്തൃ വിശ്വാസ്യത കൂടുതൽ ദൃഢപ്പെടുന്നു. വികസന പ്രവർത്തനങ്ങളുടെ വേഗത വർധിക്കുന്നു
* ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടക്കുന്നു.
ഭൂവുടമകൾ ചെയ്യേണ്ടത്
അതിരടയാളങ്ങൾ സ്ഥാപിക്കണം.
ആകാശ കാഴ്ചയ്ക്ക് തടസമാകുന്ന മരച്ചില്ലകളും മറ്റും മുറിച്ച് മാറ്റണം.
അതിരുകൾ തെളിക്കണം
അതിർത്തികൾ ചുടുകല്ല്, സിമന്റ് കല്ല്, പെയിന്റ് മാർക്ക് എന്നിവ ഉപയോഗിച്ച് ഭൂമിയിൽ അടയാളപ്പെടുത്തണം.
സർവേ ഉദ്യോഗസ്ഥർ നൽകുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തിരികെ നൽകണം.
ജില്ലാ ഭാരവാഹികൾ / ജില്ലാ കമ്മിറ്റി